കല്ലടിക്കോട്: മലങ്കര സുറിയാനി കത്തോലിക്ക സഭ, മൂവാറ്റുപുഴ ഭദ്രാസനത്തിലെ കരിമ്പ മേഖലയുടെ നേതൃത്വത്തിൽ കരിന്പ നിർമലഗിരി സെന്റ് മേരീസ് തീർഥാടന പള്ളിയിൽ ധന്യൻ മാർ ഇവാനിയോസിന്റെ 73-ാം ഓർമപ്പെരുന്നാൾ ആചരിച്ചു.
രാവിലെ അനുസ്മരണ പദയാത്രകൾ കാഞ്ഞിക്കുളം തിരുക്കുടുംബ പള്ളിയിൽനിന്നും ചിറക്കൽപ്പടി സെന്റ് ജോർജ് പള്ളിയിൽനിന്നും തീർഥാടന പള്ളിയിലേക്ക് എത്തിച്ചേർന്നു. പള്ളിയങ്കണത്തിൽ ബിഷപ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസിനെ സ്വീകരിച്ചു. തുടർന്ന് ബിഷപിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ സമൂഹബലി നടന്നു.
വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ വിവിധ പള്ളികളിലെ വൈദികർ, കന്യാസ്ത്രീകൾ, വിവിധ ഭക്തസംഘടന പ്രതിനിധികൾ പങ്കെടുത്തു. അക്കാദമിക തലത്തിലും കലാകായിക രംഗങ്ങളിൽ ഉന്നത വിജയം നേടിയവരേയും ചടങ്ങിൽ ആദരിച്ചു.
ഐസക്ക് മാർ യൂഹാനോൻ മെമ്മോറിയൽ അവാർഡ്, വേളൂർ ഐസക്ക് ആൻഡ് മറിയാമ്മ മെമ്മോറിയൽ എക്സലൻസി അവാർഡുകൾ ചടങ്ങിൽ ബിഷപ് സമ്മാനിച്ചു. ഫാ. പൗലോസ് കിഴക്കനേടത്ത് അധ്യക്ഷനായി.
പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് ഇരമംഗലത്ത് നന്ദി പറഞ്ഞു. ഫാ. ജോർജ് മാരാംകണ്ടം, ഫാ.അഡ്വ. സന്തോഷ് പുളിക്കൽ, ഫാ. ഗീവർഗീസ് മേലേപ്പീടികയിൽ, ഫാ. സജിൻ ആലാട്ടുവിളൈ, ഫാ. ജേക്കബ് കൈലാത്ത്, ഫാ. പൗലോസ് പരിയാരത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.